മോക്ഷമാര്‍ഗത്തിലേക്കൊരു വിജ്ഞാനദീപം

                 മനുഷ്യന്‍ ഉത്തമമായ ബുദ്ധിയും ഉയര്‍ന്ന വിവേചന ശക്തിയും ജീവജാലങ്ങള്‍ക്കിടയില്‍ ഉന്നതസ്ഥാനവുമുള്ള ലോകൈകനാഥന്റെ ഉല്‍ക്കൃഷ്ടസൃഷ്ടി. ഇരുളും വെളിച്ചവും, പുഞ്ചിരിയും കണ്ണീരും ഇടകലര്‍ന്ന ഈ ഇടത്താവളത്തിലെ നശ്വരമായ കളിത്തൊട്ടിലിലേക്കു അവനെ അയച്ച നാഥന്‍ അവന്റെ ആത്യന്തിക ലക്ഷ്യവും ചെന്നുചേരാനുള്ള അവസാന ഇടവും ഒപ്പം വിവരിച്ചു തന്നിരിക്കുന്നുവല്ലോ. പ്രാപഞ്ചികരഹസ്യങ്ങളുടെ അഗാധതകള്‍ പോലും ഇഴപിരിച്ച്‌ പുരോഗതിയുടെ പുത്തന്പടവുകളേറുന്ന മനുഷ്യന്‍,പക്ഷേ, അനശ്വര വിജയത്തിന്റെ വഴിവിളക്ക്‌ കാണാതെ പോകുന്നത്‌ എത്രമേല്‍ സങ്കടകരമാണ്‌! ഈ സൃഷ്ടിപ്രപഞ്ചത്തിന്റെ വര്‍ണഭാവങ്ങളിലും മോഹനവലയങ്ങളിലും പാറിപ്പറന്നും, തോളിലേറ്റി വെച്ച ജീവിതഭാരത്തിന്റെ കയറ്റിറക്കങ്ങളിലും കിതച്ചോട്ടങ്ങളിലും കെട്ടിമറിഞ്ഞും മനുഷ്യന്റെ ലക്ഷ്യവും പാതകളും പലപ്പോളും ഗതിമാറിയൊഴുകുകയാണ്.

              ഇവിടെ, മനുഷ്യമനസ്സുകള്‍ ശാശ്വതരക്ഷയുടെ നാളെയിലേക്കുള്ള കരുതിവെക്കലുകളില്‍ നിന്ന് വഴിമാറി സഞ്ചരിക്കുമ്പോള്‍, വിശാസിക്ക് ഉല്‍ബോധനങ്ങള്‍ ഓര്‍മ്മപെടുത്തലുകളാണ്; പിന്നിട്ട ജീവിതവഴികളിലെ ഓരോ സ്പന്ദനങ്ങള്‍ പോലും തൂക്കിനോക്കപ്പെടുന്ന യഥാര്‍ത്ഥ അഗ്നിപരീക്ഷകളിലേക്കുള്ള ഊര്‍ജ്ജം പകരലാണ്. നിത്യദുഖങ്ങളുടെ നരകാഗ്നിയെക്കുറിച്ചുള്ള ഉള്ളുരുക്കത്തില്‍ നിന്ന് ഒരു മാത്രപോലും മാറാതെ, പരമകാരുണികന്‍ ഒരുക്കിവെച്ച കണ്കുളിര്‍മയൊന്നു മാത്രം മോഹിച്ച് ധൃതിപ്പെട്ട് നടത്തുന്ന കഠിനാധ്വാനങ്ങള്‍ നാഥന്റെ കണക്കുപുസ്തകത്തില്‍ പാഴ്വേലകളാവാതിരിക്കാന്‍, ദൈവദൂതന്മാര്‍ വിവരിച്ച മാനദണ്ഡങ്ങള്‍ സല്ക്കര്‍മ്മങ്ങള്‍ക്ക് അടിത്തറയേകണം. പ്രപഞ്ചനാഥന്റെ കരുണാകടാക്ഷത്തിന്റെ വാതിലുകള്‍ എന്നേക്കുമായി കൊട്ടിയടക്കുന്ന ശിര്‍ക്കെന്ന കൊടിയ പാപത്തിന്റെ നിഴല്‍ വീഴാത്ത കറകളഞ്ഞ തൌഹീദിന്റെ കരുത്തും, കാക്കകാരണവന്മാരുടെ പാരമ്പര്യമോ, പുരോഹിതവര്‍ഗത്തിന്റെ വായ്പ്പാട്ടുകളോ അല്ല പ്രമാണമെന്ന തിരിച്ചറിവുകളാല്‍ നെല്ലുംപതിരും വേര്‍തിരിച്ചെടുത്ത പ്രവാചകമാതൃകയുടെ പിന്‍ബലവും കര്‍മ്മങ്ങള്‍ക്ക് പൊന്‍തിളക്കമേകുക തന്നെ വേണം.

     പുണ്യറസൂലിന്റെ മഹത്ചര്യയുടെ പൊന്പ്രഭയില്‍ ജീവിതത്തിന്റെ അകവും പുറവും വഴിതെളിയിച്ചവരായിരുന്നു, ഈ ഉറച്ചബോധവുമായി നമുക്ക് മുന്‍പേ കടന്നുപോയ സച്ചരിതരായ മുന്‍ഗാമികള്‍. ശാശ്വതമോക്ഷത്തിലേക്കുള്ള നേരായപാതയില്‍ മുന്നേറാന്‍ അവര്‍ കൈമാറിത്തന്ന അറിവിന്‍ നാളവുമായി പ്രകാശം പരത്താനുള്ള ഒരു വിനീതശ്രമം : അതാണ്‌ ഇസ്ലാഹി വിഷന്‍.കോം

               പൂര്‍വികരായ സജ്ജനങ്ങളുടെ പ്രബോധന നീതിശാസ്ത്രങ്ങള്‍ പാലിച്ചുകൊണ്ട് മുസ്ലിം കൈരളിക്ക് ദിശാബോധമേകുന്ന പ്രമാണബദ്ധമായ ഇസ്ലാഹീ പ്രഭാഷണങ്ങളുടെ ദൃശ്യശേഖരം. ആധുനിക മാധ്യമങ്ങളുടെ നൂതന സാധ്യതകള്‍ ആദര്‍ശ പ്രബോധന വേദിയില്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് സലഫീകൂട്ടായ്മയുടെ പഠന വിഷയങ്ങള്‍ വേഗത്തിലും എളുപ്പത്തിലും വിശാസികളിലെത്തിക്കാനുള്ള ഓണ്‍ലൈന്‍ ലൈബ്രറി – ഇസ്ലാഹീവിഷന്‍.കോം

.. ഇസ്ലാഹീവിഷന്‍.കോം – മോക്ഷമാര്‍ഗത്തിലേക്കൊരു വിജ്ഞാനദീപം !